കദളിപ്പഴം
“കണ്ണന് നേദിക്കാൻ കദളിപ്പഴം !
കണ്ഠത്തിലണിയുവാൻ തുളസി ഹാരം …
തൃക്കയ്യിൽ കരുതുവാൻ നറുവെണ്ണയും
നല്കുവാൻ ഒരു ദിനം അരികിലെത്താം
ഗൃവായൂർ അമ്പല നടയിലെത്താം…..”
ഗുരുവായൂര്‍ കണ്ണന് ഏറെ ഇഷ്ട്ടമായ നിവെദ്യങ്ങളില് ഒന്നാണ് കദളിപ്പഴം…
നിവേദിക്കുവാന് മാത്രമല്ല തുലാഭാരത്തിനും കദളിപ്പഴം ഉപയോഗിക്കുന്നു,
ഗുരുവായൂര്‍,മൂകാംബിക അമ്പലപ്പുഴ തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളോടൊപ്പം മറ്റു ക്ഷേത്രങ്ങളിലും കദളിപ്പഴം നിവേദ്യത്തിന് ഉപയോഗിച്ചുവരുന്നുണ്ട്. ഒരുദിവസത്തേക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ മാത്രം 7000 കദളിപ്പഴം ആവശ്യമാണ്.
വാഴകളിലെ രാജാവാണ് കദളി വാഴ. കദളി വാഴയും കുലയും മറ്റ് വാഴകളെ അപേക്ഷിച്ച് വലിപ്പക്കുറവാണെങ്കിലും വാഴപ്പഴത്തിന്റെ രുചിയിൽ കദളിക്ക് ഒന്നാം സ്ഥാനമാണ് കല്പിച്ചു നല്‍കിയിരിക്കുന്നത്.
ഹൈന്ദവപൂജകളിലും കദളിപ്പഴത്തിന് പ്രധാന സഥാനമുണ്ട്. കദളിപ്പഴം അതിന്റെ പ്രത്യേക സുഗന്ധം കൊണ്ട് മറ്റിനങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു. കൂടുതൽ പഴുത്തു പോയാലും കുലയിൽ നിന്ന് അടർന്ന് വീഴുകയില്ല എന്ന പ്രത്യേകതയുമുണ്ട്. പഴം-പച്ചക്കറിക്കടകളേക്കാളുപരി പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലാണിത്കൂടുതൽ വിൽക്കപ്പെടുന്നതെന്നത് ശ്രദ്ധേയമാണ്.
പോഷകസമൃദ്ധവും ഔഷധമൂല്യം നിറഞ്ഞതുമായ കദളിപ്പഴം ഉപയോഗിച്ച് ധാരാളം ഔഷധങ്ങളും നിര്‍മ്മിക്കുന്നുണ്ട്, അഷ്ടാംഗഹൃദയത്തില്‍ വിവരിക്കുന്ന കദളിരസായനം അത്ഭുത സിദ്ധിയുള്ള ഔഷധമാണ്.